Entertainment

അതുല്യപ്രതിഭ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 16 വയസ്

പ്രശസ്തകവിയും ഗാനരചിതാവുമായ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 16 വയസ്. ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി.ഭാസ്‌കരന്‍, കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തി. ലളിതസുന്ദരവും കാവ്യാത്മമായിരുന്നു ആ എഴുത്തുശൈലി. കവിതയിലൂടെ ഗാനങ്ങളിലൂടെ മനോഹരമായൊരു ലോകം തീര്‍ത്തു പി ഭാസ്‌കരന്‍ മാഷ് എന്ന അതുല്യപ്രതിഭ

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് പി ഭാസ്‌കരന്‍ മാഷിന്റെ ഓരോ പാട്ടുകളും. സുന്ദരസ്വപ്‌നമേ, നാഴിയുരിപ്പാലുകൊണ്ട് , നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍, പത്തുവെളുപ്പിന്, ഒരു കൊച്ചുസ്വപ്നത്തില്‍, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്, അല്ലിയാമ്പല്‍ കടവിലിന്നരക്കുവെള്ളം, പുലര്‍കാലസുന്ദരസ്വപ്‌നത്തില്‍ തുടങ്ങി മലയാളത്തനിമയും സംസ്‌കാരവും നിറഞ്ഞു നിന്ന ആ ഗാനങ്ങള്‍ ഓരോന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി.

ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികള്‍,ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പി ഭാസ്‌കരന്റെ പ്രധാനകൃതികള്‍. അനശ്വര കാവ്യങ്ങള്‍ എഴുതിയ പി.ഭാസ്‌കരന്‍ അതേ കാവ്യഭംഗിയോടുകൂടിത്തന്നെ പാട്ടുകളും എഴുതി.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ആറ് മാസം ജയിലില്‍ കഴിഞ്ഞു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളും നാടക, വിപ്ലവഗാന രചനയും നടത്തിയ, മലയാളത്തിലെ മികച്ച ചില ചിത്രങ്ങള്‍ സംവിധാനം ചെയ്ത, പത്രപ്രവര്‍ത്തകനായിരുന്ന പി.ഭാസ്‌കരന്‍. ഒരു മേഖലയും അന്യമായിരുന്നില്ല ഭാസ്‌കരന്. നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ തുടങ്ങി നാല്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴ് ചിത്രങ്ങള്‍ നിര്‍മിച്ചു.