Entertainment

എന്തുകൊണ്ട് ഡിപ്രഷനെക്കുറിച്ച് പറഞ്ഞില്ലെന്ന് ചോദിക്കുന്നവര്‍ക്ക്… മനസു തൊടുന്ന മറുപടിയുമായി ശ്രീ

അവന്‍ പറഞ്ഞിരുന്നു, തെറാപ്പിസ്റ്റിനെ കണ്ടപ്പോള്‍, ചുറ്റിയടി നിര്‍ത്തിയപ്പോള്‍, വിശപ്പില്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളിക കഴിച്ചപ്പോള്‍, കരഞ്ഞപ്പോള്‍, അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം…

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അകാല വിയോഗം കേട്ടവര്‍ക്കെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മനസുതൊടുന്നൊരു കുറിപ്പാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.

‘എന്തുകൊണ്ടാണ് അവന്‍ ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞില്ല?

അവന്‍ പറഞ്ഞിരുന്നു, മാനസികാരോഗ്യ വിദഗ്ധനെ കണ്ടപ്പോള്‍, ചുറ്റിയടിക്കുന്നത് നിര്‍ത്തിയപ്പോള്‍, വിശപ്പെന്ന തോന്നലേ ഇല്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളികകളെ ആശ്രയിച്ചപ്പോള്‍, എപ്പോഴും കരഞ്ഞപ്പോള്‍… അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം.

വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാനാകും. ഇത്തരം അവസ്ഥയിലൂടെ പോകുന്നവനെ വിഷാദ രോഗത്തിന്റെ ഇരകളെന്നല്ല കരുതേണ്ടത്. ഇനിയും സന്തോഷമുണ്ടാവുമെന്ന തോന്നല്‍ പോലും അവനില്ലാതാകുന്നു. അവന് ജീവിതത്തിലുള്ള പ്രതീക്ഷയേ ഇല്ലാതാകും. പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ ഉണ്ടാകില്ല. ഉള്ളില്‍ അവന്‍ മരിക്കുകയാണ്.

ഉറക്കമാണ് കൂടുതല്‍ നല്ലത്, അതുകൊണ്ട് ഉണരാനിഷ്ടപ്പെടുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു വിഷമിപ്പിക്കുന്ന കാര്യമാണ്. അല്ലാതെ, അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണമല്ല.

നിങ്ങളുടെ അടുത്തുള്ളവരെ ശ്രദ്ധിക്കൂ! പലരും നിങ്ങളറിയാത്തൊരു യുദ്ധം ഉള്ളില്‍ നയിക്കുന്നുണ്ടാവാം. ദയ കാണിക്കൂ! സഹാനുഭൂതിയുള്ളവരാകൂ’