തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി അടച്ചത് നഷ്ടത്തില്‍. ബിഎസ്ഇ സെന്‍സെക്‌സ് 60,000 പോയിന്റിനും താഴെയെത്തിയാണ് വിപണി അടച്ചത്. 634 പോയിന്റുകളുടെ നഷ്ടത്തില്‍ 59,464 പോയിന്റിലേക്ക് സെന്‍സെക്‌സ് കൂപ്പുകുത്തുകയായിരുന്നു. 1.06 ശതമാനം നഷ്ടത്തിലാണ് ഇന്ന് വിപണി അടച്ചത്. നിഫ്റ്റി 50ല്‍ 181 പോയിന്റുകളുടെ ഇടിവാണ് ഇന്നുണ്ടായത്. ഇത് 1.01 ശതമാനം വരും. നിഫ്റ്റി 17,757 പോയിന്റ് നിലയിലെത്തിയാണ് വിപണി അടച്ചത്.
വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വില്‍പ്പനയും സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തിലുണ്ടായ ഉയര്‍ച്ചയും വിലക്കയറ്റവുമാണ് പ്രധാനമായും വിപണിയെ സ്വാധീനിച്ചത്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും വിപണിയെ വലിയ രീതിയില്‍ ബാധിച്ചു.
പവര്‍ ഗ്രിഡാണ് വിപണിയില്‍ ഇന്ന് ഏറ്റവുമധികം തിളങ്ങിയത്. സെന്‍സെക്‌സില്‍ അവര്‍ക്ക് 4.57 ശതമാനം നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, അള്‍ട്രാ ടെക് സിമന്റ് എന്നിവയുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികള്‍ നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റിയും ഇന്ന് 0.50 ശതമാനം റെഡില്‍ തന്നെയാണ് ക്ലോസ് ചെയ്തത്.