Business

വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ

വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വര്‍ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു.

ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തി. മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40ല്‍ നിന്ന് 7.50ഉം ആറ് മാസത്തേത് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനവുമായും വര്‍ധിപ്പിച്ചിട്ടുണ്ട്.

എംസിഎല്‍ആറിന്റെ വര്‍ധനവ് ഉപഭോക്താക്കള്‍ എടുക്കുന്ന ലോണിന്റെ പ്രതിമാസ ഇഎംഐയില്‍ വര്‍ധനവുണ്ടാക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ ഈ തീരുമാനം.