Business

ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ മറന്നോ ? പേടിക്കേണ്ട, ഇളവുകളുമായി ആർബിഐ

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ ബിൽ അടച്ചില്ലെങ്കിലാണ് കെണിയാവുക. കൃത്യ സമയത്ത് പണമടച്ചില്ലെങ്കിൽ കഴുത്തറുപ്പൻ പലിശയാകും നിങ്ങളെ കാത്തിരിക്കുക. ഒന്നോ രണ്ടോ ദിവസം വൈകിയാലും ഇതായിരുന്നു സ്ഥിതി. എന്നാൽ ഇനി ഈ പേടി വേണ്ട. കാരണം ഈ വർഷം മുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർബിഐ.

ഏപ്രിൽ 21, 2022 ന് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഉപയോക്താവ് ഡ്യൂ ഡേറ്റിൽ നിന്ന് മൂന്ന് ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചാൽ മതി. അതായക് ബിൽ അടയ്‌ക്കേണ്ട തിയതി മറന്ന് പോയാലും ഒന്നോ രണ്ടോ ദിവസത്തിനകം ബിൽ അടച്ചാൽ മതി. ഇതിന് പിഴ ഈടാക്കുകയില്ല. മൂന്ന് ദിവസം കഴിഞ്ഞും ബിൽ അടയ്ക്കാതിരുന്നാൽ മാത്രം പിഴ അടച്ചാൽ മതി.

അടുത്ത ബില്ലിനൊപ്പമാകും പിഴ അടയ്‌ക്കേണ്ടി വരിക. പിഴ എത്രയാകും എന്നത് ബാങ്ക്/ക്രെഡിറ്റ് കാർഡ് കമ്പനികളാകും തീരുമാനിക്കുക. ഉദാഹരണത്തിന് ബിൽ തുക അഞ്ഞൂറ് രൂപയ്ക്ക് മുകളിലും ആയിരം രൂപയ്ക്ക് താഴെയുമാണെങ്കിൽ എസ്ബിഐ 400 രൂപയാണ് പിഴയായി ഈടാക്കുക.