Business

വിപണി നാലാം വാരവും നേട്ടത്തില്‍; 7.5 ശതമാനം മുന്നേറ്റം

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടയിലും വിപണി തുടര്‍ച്ചയായി നാലാം വാരവും നേട്ടത്തില്‍. കഴിഞ്ഞ നാല് ആഴ്ചകളായി 7.5 ശതമാനമാണ് മുന്നേറ്റം. ബോംബെ സെന്‍സെക്‌സ് 59,744 പോയിന്റില്‍ നിന്നും ആരംഭിച്ച് പോയവാരം 61,223 പോയന്റിലെത്തിയാണ് വിപണി അടച്ചത്.

ഐടി ഓഹരികളാണ് കഴിഞ്ഞ ആഴ്ച എടുത്തുപറയേണ്ട നേട്ടമുണ്ടാക്കിയത്. ഉരുക്ക് വ്യവസായ മേഖലയ്ക്കും പോയ വാരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞു. വിപ്രോ, മൈന്‍ഡ് ട്രീ മുതലാ ഐടി സ്‌റ്റോക്കുകള്‍ക്ക് പോയവാരം വിപണിയില്‍ വലിയ മുന്‍തൂക്കം ലഭിച്ചു.

കൊവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്നതിനെ ചെറുക്കുന്നതിനായി പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളും അടച്ചിടലും ഏര്‍പ്പെടുത്തുന്നത് വിപണിയെ സാരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടുത്തിരിക്കുന്നതിനാല്‍ ഹൗസിംഗ്, ഓട്ടോമൊബൈല്‍ മേഖലയില്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ ഇടപെടലുകളും നയപ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ കേന്ദ്രം പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.