Auto

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ജനപ്രീതിയ്ക്ക് കുറവില്ല; ഹോണ്ട ആക്ടീവ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തി

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ എന്ന പറച്ചില്‍ ഇന്നും നിരത്തുകളിലെ അലയടി ഇന്നും തുടരുന്നുണ്ട്. തുടരുന്ന ജനപ്രീതിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രത്യേക മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡി.എല്‍.എക്സ്. ലിമിറ്റഡ് എഡിഷന്‍, സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന് 82,734 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് എഡിഷന്‍ ആക്ടീവയുടെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യാസപെടുത്തി ബോഡി പാനലുകളില്‍ നല്‍കിയിട്ടുള്ള ഷേഡുകളില്‍ മാറ്റങ്ങള്‍ വരുത്തിയും ഡാര്‍ക്ക് കളര്‍ തീം നല്‍കി ബ്ലാക്ക് ക്രോം എലമെന്റ്സ് നല്‍കിയാണ് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഹോണ്ട ഡാര്‍ക്ക് ക്രോം ഡിസൈന്‍ കൊണ്ടുവന്നിരിക്കുന്നത്. മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ആക്ടീവയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഫീച്ചറാണ് ഈ സ്‌കൂട്ടറുകളിലെ മറ്റൊരു ആകര്‍ഷണം. 7.73 എച്ച്.പി. പവറും 8.90 എന്‍.എം. ടോര്‍ക്കുമേകുന്ന 109.51 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും കരുത്തേകുന്നത്. രാജ്യത്തുടനീളമുള്ള ഹോണ്ട റെഡ് വിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനം എത്തിതുടങ്ങിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.