സി.ഒ.ടി നസീറിനെതിരായ ആക്രമണത്തിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എകദിന ഉപവാസ സമരം ആരംഭിച്ചു. നസീറിന് പണി കൊടുക്കാൻ ആളെ അയച്ച മേസ്തിരിയെ കണ്ടെത്തണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിനെ മുന തലശേരി എം.എൽ.എ എ.എൻ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സി.ഒ.ടിക്കെതിരായ അക്രമം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഇന്ന് തലശേരിയിൽ നടത്തുന്ന ഏകദിന ഉപവാസം ഇതിന്റെ ഭാഗമാണ്. നിയുക്ത വടകര എം.പി കെ.മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാൻ പണിക്കാരെ അയച്ച യഥാർത്ഥ മേസ്തിരിയെ കണ്ടെത്താൻ പൊലീസ് തയ്യാറാകണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ ഘടക കക്ഷി നേതാക്കളും സമര പന്തലിൽ എത്തിയിരുന്നു. വൈകിട്ട് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ ഉപവാസ സമരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറായില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.