India Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടു

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കപ്പെടില്ലെന്ന് സൂചന. സമവായ ശ്രമങ്ങളില്‍ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോയി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരുവിഭാഗവും ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നത് സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.


സഭ മേലധ്യേക്ഷന്‍മാരുടെ നേതൃത്വത്തിലാണ് അവസാനവട്ട സമവായ ശ്രമങ്ങള്‍ നടന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പിന് ഇരു വിഭാഗവും തയ്യാറായില്ല. സി.എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനം നല്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ജോസഫ് അംഗീകരിക്കുന്നുണ്ടെങ്കിലും ജോസ് കെ.മാണിവിഭാഗം ഇതും തള്ളിക്കളയുകയാണ്. തിരുവനന്തപുരത്ത് സഭാ മേലധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജോസ് കെ.മാണി അടക്കമുള്ളവര്‍ പങ്കെടുക്കാതിരുന്നതും അതുകൊണ്ടാണ്.

ജോസ് കെ.മാണി വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചത് ജോസഫിനെയും ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലടക്കം ജോസഫ് വിഭാഗം ഗ്രൂപ്പ് യോഗങ്ങള്‍ ജോസഫ് വിഭാഗം ചേര്‍ന്നു. പി.ജെയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളില്‍ സംസ്ഥാന സമിതി വിളിച്ച് ചേര്‍ക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സമിതി വിളിച്ച് ചേര്‍ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ഒരു വിഭാഗം പാര്‍ട്ടി വിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.