India Kerala

ആറ്റുകാൽ പൊങ്കാല നാളെ: നഗരം ഭക്തിസാന്ദ്രം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ് നഗരം നാളെ കൺതുറക്കുക. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.

സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം.

പാട്ടുതീരുമ്പോൾ സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കുശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.