ബിഷ്‌കേക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടില്‍ ഇതുവരെ അയവു വന്നിട്ടില്ല. അതേസമയം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്‌ളോബല്‍ ടൈംസ് ദിനപത്രം നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് ഇക്കാര്യത്തില്‍ ചൈന മധ്യസ്ഥത്തിന് ഒരുക്കമാണെന്ന സൂചനകളാണ് പുറത്തു വിടുന്നത്.
കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ ആതിഥേയ രാജ്യത്തിന് പുറമെ ഇന്ത്യ, റഷ്യ, ചൈന, ഉസ്‌ബെക്കിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പാകിസ്ഥാനുമായി ഉച്ചകോടിക്കിടയില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, റഷ്യയുടെയും ചൈനയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷ്‌കേക്കില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും അക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ മറുപടി അറിയിച്ചിട്ടില്ല. ഇതിനിടെയാണ് ചൈനീസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക മാധ്യമമായ ഗ്‌ളോബല്‍ ടൈംസില്‍ ഇന്ത്യ-പാക് ചര്‍ച്ചകളെ പിന്തുണക്കുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത്.
അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനുള്ള മോദിയുടെ നീക്കത്തെയും മാലദ്വീപില്‍ നടത്തിയ പ്രസംഗത്തെയും പ്രശംസിച്ച ചൈനീസ് പത്രം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ കൂടി മുന്നോട്ടു കൊണ്ടുപോകുന്നതോടെ മേഖലയില്‍ ഇന്ത്യയുടെ യശസ് ഉയരുമെന്ന് അഭിപ്രായപ്പെട്ടു. പാകിസ്ഥാനുമായുള്ള ചര്‍ച്ചകളെ പൂര്‍ണമായും തള്ളിപ്പറയാതെ അക്കാര്യം വഴിയെ സംഭവിക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറിമാരില്‍ ഒരാളായ ഗിരീഷ് ശര്‍മ്മ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയത്. ഒരുവേള ഇറാനുമായുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും പ്രധാനമന്ത്രിക്ക് ബിഷ്‌കേക്കിലേക്ക് പോകാനായി വ്യോമപാത തുറന്നു തരാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് പാകിസ്ഥാന്‍ അംഗീകരിച്ചത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകിയേക്കുമെന്ന പ്രതീക്ഷകളെ സജീവമാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ അടഞ്ഞു കിടക്കുന്ന 9 സിവില്‍ വ്യോമയാന പാതകള്‍ പാകിസ്ഥാന്‍ തുറന്നു കൊടുക്കുമെന്ന് വിമാനക്കമ്പനികളുടെ പ്രതീക്ഷയും സജീവമായിട്ടുണ്ട്.