സി.ഒ.ടി നസീറിനെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുളളില്‍ ഉള്‍പ്പോര് ശക്തമാകുന്നു. നസീറിനെതിരായ അക്രമം പി.ജയരാജന്റെ തലയില്‍ കെട്ടി വെക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. എന്നാല്‍, എ.എന്‍ ഷംസീറിനെതിരായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് മറുഭാഗത്തിന്റെ ആരോപണം.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍ വോട്ടെണ്ണലിന് തൊട്ടു മുമ്പാണ് അക്രമിക്കപ്പെടുന്നത്. സംശയത്തിന്റെ മുനകള്‍ സ്വാഭാവികമായും പി.ജയരാജനെതിരെ തിരിഞ്ഞു. തൊട്ടടുത്ത ദിവസം സി.ഒ.ടി നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിലൂടെ അക്രമത്തിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന സന്ദേശമാണ് പി.ജയരാജന്‍ നല്‍കിയത്.
പിന്നാലെ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആശുപത്രിയിലെത്തി സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പങ്കില്ലെന്ന് പ്രഖ്യാപിച്ചു. തലശേരിയിലെ ഒരു ജനപ്രതിനിധിയാണ് അക്രമത്തിന് പിന്നിലെന്ന് സി.ഒ.ടി നസീര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് തൊട്ടടുത്ത ദിവസമാണ്. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.ജയരാജന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി അറിയപ്പെടുന്ന എം.എന്‍ ഷംസീറിലേക്കാണ് ആരോപണം നീളുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ച കോടിയേരിയെയും പിണറായിയേയുമാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
അക്രമണത്തിന്റെ ഉത്തരവാദിത്വം പി.ജയരാജനില്‍ കെട്ടിവെക്കാന്‍ ഒരു വിഭാഗം മനഃപൂര്‍വ്വം ശ്രമം നടത്തിയെന്നതാണ് ജയരാജനെ അനകൂലിക്കുന്നവരുടെ ആക്ഷേപം. എന്നാല്‍ ഷംസീറിനെതിരായ ആരോപണത്തെ പ്രതിരോധിക്കാന്‍ സി.പി.എം നേതൃത്വം കാര്യമായി ശ്രമിക്കുന്നില്ലെന്ന പരാതി ഷംസീറിനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.