മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷോൺ ജോർജ് വിമർശനം ഉന്നയിച്ചത്. മകൾ വീണ വിജയൻ തന്റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്.
എക്സാലോജിക്കിന്റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്.
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്റെ ആവശ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷോൺ വീണ വിജയനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നത്.
ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.
കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു . ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീണ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ ഇതോടൊപ്പം നൽകുന്നു.ഇതിൽ സഭാ സമിതി അന്വേഷിക്കണം