World

മാലിദ്വീപിൽ നിന്നുള്ള സേനയെ പിൻവലിക്കും; നയം വ്യക്തമാക്കി ഇന്ത്യ

മാലിദ്വീപിൽ സേന സാന്നിധ്യം നിർബന്ധപൂർവം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. മാലിദ്വീപിൽ നിന്നുള്ള സേനയെ പിൻവലിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് തീരുമാനം.

ആദ്യസംഘം മാർച്ച് 10ന് മാലിദ്വീപിൽ നിന്ന് പിന്മാറും. മെയ് 10നകം മാലിദ്വീപിൽ നിന്ന് പൂർണമായും ഇന്ത്യൻ സേന പിൻവാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കോർ ഗ്രൂപ്പ് യോഗം ഫെബ്രുവരിയിൽമാലിദ്വീപിൽ നടത്താനാണ് തീരുമാനം.

മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ സമയം നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.