Cricket Sports

രഞ്ജി ട്രോഫി: സഞ്ജുവില്ല, ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടം; ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇല്ലാതെയിറങ്ങിയ കേരളം ആദ്യ ദിനം മോശം വെളിച്ചത്തിൻ്റെ പേരിൽ കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. 113 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. (ranji trophy kerala bihar)

സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ രോഹൻ കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളത്തെ ബിഹാർ ബൗളർമാർ തകർത്തെറിയുന്നതാണ് കണ്ടത്. രോഹൻ കുന്നുമ്മൽ (5), സച്ചിൻ ബേബി (1), വിഷ്ണു വിനോദ് (0), ആനന്ദ് കൃഷ്ണൻ (9) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനും (37) ശ്രേയാസ് ഗോപാലും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്ത് കേരളത്തെ 84 വരെ എത്തിച്ചു. അക്ഷയ്ക്ക് പിന്നാലെ സഞ്ജുവിനു പകരമെത്തിയ വിഷ്ണു രാജ് (1) കൂടി പുറത്തായതോടെ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 102 എന്ന നിലയിൽ തകർന്നു.ഏഴാം വിക്കറ്റിൽ ജലജ് സക്സേന ശ്രേയാസ് ഗോപാലിനൊപ്പം ചേർന്നതോടെ കേരള ഇന്നിംഗ്സ് നടുനിവർത്താൻ തുടങ്ങി. 61 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിയുയർത്തിയത്. ഒടുവിൽ 22 റൺസ് നേടി സക്സേന മടങ്ങി. പിന്നാലെ ബേസിൽ തമ്പിയും പുറത്ത്. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയാസ് ഗോപാൽ കേരളത്തെ മുന്നോട്ടുനയിക്കുകയായിരുന്നു. 9ആം വിക്കറ്റായി നിഥീഷ് എംഡി പുറത്താവുമ്പോൾ കേരളത്തിൻ്റെ സ്കോർ 176. തുടർന്ന് ശ്രേയാസ് സ്കോറിങ് ചുമതല ഏറ്റെടുത്തു. സെഞ്ചുറി കടന്ന താരം ചില കൂറ്റൻ ഷോട്ടുകൾ കളിക്കുകയും ചെയ്തു. ഇതിനിടെയാണ് മോശം വെളിച്ചത്തെത്തുടർന്ന് കളി അവസാനിപ്പിച്ചത്. അവസാന വിക്കറ്റിൽ അകിൻ സത്താറിനൊപ്പം ശ്രേയാസ് കൂട്ടിച്ചേർത്തത് അപരാജിതമായ 27 റൺസ്. അതിൽ അഖിൻ്റെ സംഭാവന 0.