കൊച്ചിയിലെ മരടിലുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, അജയ് റസ്തോഗി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കൊച്ചിയിലെ മരടിലുളള ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്ന് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ ഇതുവരെ കക്ഷി ചേര്‍ന്നിരുന്നില്ല.
ഇവരുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവിട്ടതെന്ന് വ്യക്തമാക്കിയാണ് ഇന്ദിര ബാനര്‍ജി, അജയ് റസ്തോഗി എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതി അവധിക്കാല ബഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. ആറാഴ്ചത്തേക്ക് ഫ്ളാറ്റുകള്‍ പൊളിക്കേണ്ടതില്ലെന്നാണ് ബഞ്ച് വ്യക്തമാക്കിയത്.
താമസക്കാരുടെ ഹരജി മുഖവിലക്കെടുത്ത ബഞ്ച് വാദം കേള്‍ക്കുന്നതിനായി ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റി. അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുക. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള വിധിക്കെതിരെ നിര്‍മാതാക്കള്‍ നല്കിയ പുനഃപരിശോധന ഹരജിയും കോടതിയുടെ മുന്നിലുണ്ട്.