രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക.
ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം.
ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു.