ഒരു വർഷത്തോളം ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷം സിംഗിൾസ് മത്സരത്തിലേക്കുള്ള മടങ്ങിവരവ് വിജയത്തോടെ ആഘോഷമാക്കി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ഓസ്ട്രേലിയയിൽ നടക്കുന്ന ബ്രിസ്ബേൻ ഇന്റർനാഷണലിന്റെ ഓപ്പണിംഗ് റൗണ്ടിൽ എതിരാളിയായ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാലിൻ്റെ തിരിച്ചുവരവ്.
ഒരു വർഷത്തോളം പുറത്തിരുന്നിട്ടും തന്റെ ഫോമിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു നദാലിൻ്റെ പ്രകടനം. തിരിച്ചുവരവ് മത്സരത്തിൽ 30 കാരനായ തീമിനെതിരെ നദാൽ സർവ മേഖലകളിലുംആധിപത്യം പുലർത്തി. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിൽ 7-5, 6-1 എന്ന സ്കോറിനാണ് 37-കാരനായ താരം ഓസ്ട്രിയൻ തീമിനെ പരാജയപ്പെടുത്തിയത്.
നദാലിന്റെ 1069-ാമത്തെ ടൂർ ലെവൽ വിജയമാണിത്. ഇതോടെ ഏറ്റവും കൂടുതൽ വിജയങ്ങളുടെ പട്ടികയിൽ ചെക്ക്-അമേരിക്കൻ ടെന്നീസ് ഐക്കണും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഇവാൻ ലെൻഡിനെ മറികടക്കാൻ നദാലിന് കഴിഞ്ഞു. ലീഡർബോർഡിൽ ജിമ്മി കോണേഴ്സ് (1274), റോജർ ഫെഡറർ (1251), നൊവാക് ജോക്കോവിച്ച് (1088) എന്നിവരാണ് നദാലിന് മുകളിൽ.
എട്ടാം സീഡ് അസ്ലാൻ കരാട്സേവിനെയോ ഹോം വൈൽഡ് കാർഡ് ജേസൺ കുബ്ലറെയോ ആണ് നദാൽ അടുത്തതായി നേരിടുക. കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പരിക്കിനെ തുടർന്ന് പുറത്തായതിന് ശേഷം സൗത്ത്പാവ് ഒരു വർഷത്തോളം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2023-ൽ അദ്ദേഹം രണ്ട് തവണ ഹിപ് സർജറിക്ക് വിധേയനായി. ഈ വർഷത്തോടെ കളി മതിയാക്കുമെന്നും അദ്ദേഹം സൂചന നൽകി.