2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ. നാല് ഓസ്‌ട്രേലിയൻ, മൂന്ന് ഇംഗ്ലണ്ട്, രണ്ട് വീതം ഇന്ത്യൻ ന്യൂസിലൻഡ് താരങ്ങൾ അടങ്ങുന്നതാണ് ടീം. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ക്രിക് ഇൻഫോ ടീമിനെയും നയിക്കുന്നത്.
ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ് എന്നിവരാണ് ഓപ്പണർമാർ. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഖവാജ 55.6 ശരാശരിയില്‍ 1168 റണ്‍സാണ് താരം അടിച്ചെടുത്തത്. കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവർ മധ്യനിരയിൽ. 2023-ന്റെ ഭൂരിഭാഗവും സമയത്തും പരുക്കിന്റെ പിടിയിലായിരുന്നിട്ടും വില്യംസൺ നാല് സെഞ്ചുറികൾ നേടി.
വിക്കറ്റ് കീപ്പറായി ന്യൂസിലാൻഡിന്റെ ടോം ബ്ലണ്ടൽ. ടീമിൽ സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിനും ടെസ്റ്റ് ടീമിലെത്തി. മിച്ചൽ സ്റ്റാർക്, സ്റ്റുവർട്ട് ബ്രോഡ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരാണ് മറ്റുള്ളവർ.
ഏകദിന ടീമിൽ ആറ് ഇന്ത്യൻ താരങ്ങളുണ്ട്. രോഹിത് ശർമ്മയാണ് നായകൻ. രോഹിതിനെ കൂടാതെ ശുഭ്മന്‍ ഗിൽ, വിരാട് കോലി എന്നിവർ ഇടം നേടി. ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, വിക്കറ്റ് കീപ്പറായി ഹെന്‍റിച്ച് ക്ലാസന്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസർമാരായി മാര്‍ക്കോ യാന്‍സന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും സ്പിന്നര്‍മാരായി ആദം സാംപയും ഇന്ത്യയുടെ കുല്‍ദീപ് യാദവും ടീമിലെത്തി.