ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.
മുംബൈ: എം എസ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി മാത്രമാണ് മുമ്പ് ഇത്തരത്തില്‍ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്പര്‍ ജേഴ്സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്.
ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.
ഐസിസി നിയമപ്രകാരം ഒന്നു മുതല്‍ 100വരെയുള്ള നമ്പറുകളാണ് കളിക്കാര്‍ക്ക് ജേഴ്സി നമ്പറായി തെരഞ്ഞെടുക്കാന്‍ കഴിയുക. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സമീപകാലത്ത് അവസരം നല്കുന്നതിനാല് 60 ഓളം ജേഴ്സി നമ്പറുകള്‍ ഓരോ കളിക്കാരും ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്ന പല കളിക്കാര്‍ക്കും അവരുടെ ഇഷ്ട ജേഴ്സി നമ്പര്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഇതിനിടെയാണ് പത്തിന് പുറമെ ഏഴാം നമ്പര്‍ ജേഴ്സിയും ബിസിസിഐ പിന്‍വലിക്കുന്നത്.
ഈ വര്‍ഷം ആദ്യം ഇന്ത്യക്കായി അരങ്ങേറിയ യശസ്വി ജയ്സ്വാളിന് രാജസ്ഥാന് റോയല്‍സിലെ തന്റെ ജേഴ്സി നമ്പറായ 19ാം നമ്പര്‍ ജേഴ്സി വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ 19 ദിനേശ് കാര്‍ത്തിക്കിന് അനുവദിച്ചതിനാല്‍ യശസ്വിക്ക് 19 തെരഞ്ഞെടുക്കാനായില്ല. കാര്‍ത്തിക് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമല്ലെങ്കിലും ഓദ്യോഗികമായി വിരമിച്ചിട്ടില്ല. ഇതോടെ യശസ്വി 64ാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുത്തു.
അണ്ടര്‍ 19 ക്രിക്കറ്റില്‍ പോലും ജേഴ്സികളിലെ ഇഷ്ട നമ്പറുകള്‍ക്കായി കളിക്കാര്‍ തമ്മില്‍ കടുത്ത മത്സരമുണ്ട്. അണ്ടര്‍ 19 താരമായിരുന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഇഷ്ട നമ്പറായ ഏഴ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് മറ്റൊരു കളിക്കാരന് അനുവദിച്ചതിനാല്‍ പിന്നീട് ഗില്‍ 77 ആണ് തെരഞ്ഞെടുത്തത്. സീനിയര്‍ ടീമിലും ഗില്‍ 77ാം നമ്പര്‍ ജേഴ്സി തന്നെയാണ് ധരിക്കുന്നത്.
കളിക്കാര്‍ക്കൊപ്പം ജേഴ്സിയും വിരമിക്കുന്നത് ക്രിക്കറ്റില്‍ വന്നിട്ട് അധികമായില്ലെങ്കിലും ഫുട്ബോളില്‍ പക്ഷെ ഇത് പുതുമയല്ല. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി വിഖ്യാത താരം ഡിയാഗോ മറഡോണയുടെ പത്താം നമ്പര്‍ ജേഴ്സി അദ്ദേഹം ക്ലബ്ബ് വിട്ടതിനുശേഷം പിന്‍വലിച്ചിരുന്നു.