ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപയില്ലെന്ന് സൂചന. പരിശോധനാഫലം സര്‍ക്കാരിന് ഇന്ന് ലഭിച്ചേക്കും. കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി.
സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ല കലക്ട്റേറ്റിലാണ് യോഗം. കേന്ദ്രമൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വിദഗ്ധരും ഇന്ന് കേരളത്തിലെത്തും.
നിപയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ സംഘമാണ് കൊച്ചിയിലുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ.ബാലമുരളി, പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ജില്ലയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം ഇന്നലെ നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതത്വത്തിലുള്ള സംഘമാണ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ ഇന്നലെ മൂന്നു പേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയിരുന്നു. ഐസൊലേഷനിലുള്ള ആറ് പേരുടെ സാമ്പിളുകള്‍ ആലപ്പുഴ , പൂനെ ലാബിലേക്കാണ് അയച്ചിട്ടുള്ളത്. ഇതിന്റെ റിസള്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുകയും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുകയും ചെയ്യും.