മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നതാണ് ഇത്തവണത്തെ സവിശേഷത. വർണ്ണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.
രണ്ട് മാസക്കാലത്തെ അവധിയാഘോഷങ്ങൾക്ക് വിട.ഇനി ക്ലാസ് മുറികളിലേക്ക്. സ്കൂളുകൾ തുറക്കുന്നതോടെ ഒരു പുതിയ അധ്യയന വർഷത്തിന് കൂടി തുടക്കമാവുകയാണ്.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ പ്രത്യേകത.കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ എത്തിയവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നു. ഇത്തവണയും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
അതേസമയം ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയുളള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം പുതിയ അധ്യയനവർഷത്തെ കലുഷിതമാക്കാനാണ് സാധ്യത. ജില്ലാ തലങ്ങളിൽ പ്രവേശനോത്സവം ബഹിഷ്ക്കരിക്കാനും പ്രതിപക്ഷ അധ്യാപക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.