പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.
‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച് ശബ്ദം ഉയർത്തുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്’-മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന മാറണം. കേരളം ഒന്നാകെ ശബ്ദിക്കുമ്പോൾ സ്വാഭാവികമായും ആ മാറ്റം വന്നേക്കാം. കേരളത്തിൽ നിന്നുള്ള പൊതുജനാഭിപ്രായം കണക്കിലെടുത്ത് ധനമന്ത്രി നിർമല സീതാരാമന് ചില പ്രസ്താവനകൾ നടത്തേണ്ടിവന്നു. ഇത്തരമൊരു പരിപാടിക്കെതിരെ ചിലർ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. അത് അവരുടെ അണികൾക്കും മനസ്സിലാകുന്നില്ല. കാരണം പരിപാടിയെ എതിർക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല. പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സംഘടനാ നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നാടിന് ആവശ്യമായ ഒരു പരിപാടിയിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കുന്ന തീരുമാനങ്ങളാണ് കോൺഗ്രസും മറ്റ് പാർട്ടികളും സ്വീകരിക്കുന്നതെങ്കിലും അത് അവരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി.
യുഡിഎഫ് പ്രവർത്തകരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതം ഉണ്ടാക്കുക ഞങ്ങളുടെ ഉദ്ദേശമല്ല. നാടിൻ്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംവദിക്കൽ നടക്കുമ്പോൾ ആ സദസ്സിലേക്ക് വന്നു ചേരുന്നതിനെ വലിയ കുറ്റമായി സാധാരണഗതിയിൽ കണക്കാക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം പൊതുപ്രവർത്തകർക്കെതിരെ നടപടി എടുക്കുന്നത് അഭിലഷണീയമായ പ്രവർത്തിയല്ല മറിച്ച് അനഭിലഷണീയമായ പ്രവർത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.