മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ പരാമർശത്തിനെതിരെ ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇൻസമാമിന് മാനസികമായി എന്തോ കുഴപ്പമുണ്ടെന്നും ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും ഹർഭജൻ പരിഹസിച്ചു. ഹർഭജൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശത്തോടായിരുന്നു ഹർഭജൻ്റെ പ്രതികരണം.
“ഇൻസമാം ഉൾ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിൻ്റെ മാനസിക നില ശരിയല്ല, ദയവായി ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം. വിചിത്രമായ പ്രസ്താവനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഞാൻ ഒരു സിഖുകാരനാണ്, ഒരു സിഖ് കുടുംബത്തിൽ ജനിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്’ – ഹർഭജൻ പറഞ്ഞു.
“മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം നടത്തുന്ന നാടകമാണിത്, ഈ പ്രസ്താവന നൽകാൻ അദ്ദേഹം എങ്ങനെ തീരുമാനിച്ചുവെന്ന് എനിക്കറിയില്ല. അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നോ ഏതുപുകയാണ് വലിക്കുന്നതെന്നോ എനിക്കറിയില്ല, അദ്ദേഹം മദ്യലഹരിയിൽ പറയുന്നത് പിറ്റേന്ന് രാവിലെ ഓർക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്”-ഹർഭജൻ കൂട്ടിച്ചേർത്തു. 2006 ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്ഭജന് സിംഗ് മതം മാറാന്‍ തയാറായതെന്നാണ് ഇൻസമാം അവകാശപ്പെട്ടത്.
അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇൻസമാമിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവർ പ്രാർത്ഥനയ്ക്ക് എത്തി. ഈ താരങ്ങള്‍ക്കൊപ്പം ഹർഭജന് സിംഗും നിസ്കരിക്കുന്ന സ്ഥലത്തേക്ക് എത്താറുണ്ടായിരുന്നു. പ്രാർത്ഥനയില്‍ പങ്കെടുക്കാറില്ലെങ്കിലും ഹർഭജൻ തങ്ങൾക്കൊപ്പം ഇസ്ലാമിക പണ്ഡിതനായ മൗലാന താരിഖ് ജമീലിന്റെ വാക്കുകൾ കേള്‍ക്കുമായിരുന്നു. താരീഖ് ജമീലിന്റെ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായും ഹർഭജൻ തന്നോട് തുറന്നുപറഞ്ഞിരുന്നതായും ഇൻസമാം അവകാശപ്പെട്ടു.