ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ജപ്പാൻ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബുള്ളറ്റ് ട്രെയിനിൽ യാത്ര. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസൻ. മണിക്കൂറിൽ 320 കിലോമീറ്ററാണ് വേഗത.
‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാണെന്നും’ അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് റൂട്ട് നിർമാണം പുരോഗമിക്കുകയാണ്. 1964ലാണ് ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത്. നിലവിൽ 2,830.6 കി.മീ അതിവേഗ പാതയാണ് ജപ്പാനിലുള്ളത്. മിനി-ഷിൻകാസെൻ ലൈനുകളും വികസിപ്പിച്ചു. ഈ പാതയിലോടുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്.