കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടി.(Karnataka permits hijab at exam centres)
മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് എം.സി. സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.
ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭിന്നവിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി പ്രാബല്യത്തിലുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സർക്കാർ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.