ഗാസ മുനമ്പിന് ചുറ്റും 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയുമായുള്ള അതിർത്തിയിൽ സുരക്ഷാ സേന ഏറെക്കുറെ നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ്. അതേസമയം ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസിൽ വൻ പോരാട്ടമാണ് നടക്കുന്നത്.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരും അകത്തേക്ക് വന്നിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നുഴഞ്ഞുകയറ്റങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിർത്തിക്ക് ചുറ്റുമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഒഴിപ്പിക്കുന്നത് സൈന്യം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേൽ 3 ലക്ഷം റിസർവ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂർണ ഉപരോധത്തിന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.