ഹാങ്ചോ ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ പുരുഷ ,വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കായി വെള്ളി നേടിയത് മലയാളികളായപ്പോൾ അതൊരു വലിയ പാരമ്പര്യത്തിൻ്റെ തുടർച്ചയായി. യഥാക്രമം എം.ശ്രീശങ്കറും ആൻസി സോജനും ആണ് ലോങ് ജംപിൽ കേരളത്തിൻ്റെ പാരമ്പര്യം കാത്തത്. ( m sreesankar and ancy sojan asian games article by sanil p thomas )
ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ (1974) ഏഷ്യൻ റെക്കോർഡോടെ ( 8.07 മീറ്റർ) സ്വർണം നേടിയ ടി.സി.യോഹന്നാനിൽ നിന്ന് ആ ചരിത്രം തുടങ്ങുന്നു. യോഹന്നാൻ്റെ ഏഷ്യൻ റെക്കോർഡ് 18 വർഷവും ഗെയിംസ് റെക്കോർഡ് 20 വർഷവും നില നിന്നു. എട്ടു മീറ്ററിൽ അധികം ലോങ് ജംപ് ചെയത രണ്ടാമത്തെ ഏഷ്യക്കാരനാണ് യോഹന്നാൻ. 78 ൽ ബാങ്കോക്കിൽ സുരേഷ് ബാബു ലോങ് ജംപിൽ സ്വർണം കരസ്ഥമാക്കി. പിന്നെ രഘുനാഥനെയും പി.വി.വിൽസനെയുമൊക്കെപ്പോലെ ലോങ് ജംപ് താരങ്ങൾ രാജ്യാന്തര നേട്ടം കൈവരിച്ചു.പക്ഷേ, ഇവർക്കു കഴിയാത്ത ഏഷ്യൻ ഗെയിംസ് നേട്ടം ശ്രീ ശങ്കർ സാധ്യമാക്കി. ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ശ്രീശങ്കർ മത്സരിച്ചിരുന്നു.
മലയാളി വനിതകളുടെ ലോങ് ജംപ് ചരിത്രം ഏഞ്ചൽ മേരിയിൽ തുടങ്ങുന്നു .1978ൽ ഏഷ്യാഡിൽ വെള്ളി നേടിയ ഏഞ്ചൽ മേരി ആറു മീറ്ററിൽ അധികം നീട്ടി ചാടിയ ആദ്യ ഇന്ത്യക്കാരിയാണ്.
ഇന്ത്യയിൽ ലോങ് ജംപിൽ ആറു മീറ്റർ കടന്ന ആദ്യ താരമെന്ന ബഹുമതിയോടെ മേഴ്സി കുട്ടൻ 1982ൽ ഡൽഹിയിൽ വെള്ളി നേടി. ലേഖാ തോമസിന് 1998 ൽ ഏഷ്യാഡിൽ പങ്കെടുക്കാൻ കഴിഞ്ഞെങ്കിലും മെഡൽ ഇല്ലാതെ പോയി. 2002 ൽ ബുസാനിൽ സ്വർണം നേടിയ അഞ്ജു ബോബി ജോർജിന് 2006ൽ ദോഹയിൽ വെള്ളി ലഭിച്ചു.
എം.എ.പ്രജൂഷ 2010ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി. മയൂഖാ ജോണിക്ക് ആകട്ടെ പരുക്കു വിനയായി. ഇവരുടെ തുടർച്ചക്കാരായി വന്നത് വി നീനയും നയനാ ജെയിംസും ആയിരുന്നു. നീന 2018 ൽ ജക്കാർത്തയിൽ വെള്ളി കരസ്ഥമാക്കിയിരുന്നു. റാങ്കിങ്ങിൽ മൂന്നാമതായതിനാൽ നയനയ്ക്ക് ഇക്കുറി അവസരം കിട്ടിയില്ല.
അടുത്തിടെ ,ശ്രീശങ്കർ, ബാങ്കോക്ക് ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. മികച്ച പ്രകടനം 8.41 മീറ്റർ ആണ്.
ഇവർക്കൊപ്പം ഹാങ്ചോവിൽ ഇന്ത്യക്കായി ഇതേ ഇനത്തിൽ മൽസരിച്ച ജസ്വിൻ ആൾഡ്രിനും ഷൈലി സിങ്ങും തങ്ങളുടെ മികച്ച പ്രകടനത്തിൻ്റെ (യഥാക്രമം 8.42 മീറ്ററും 6.76 മീറ്ററും)അടുത്തെങ്ങും എത്തിയുമില്ല. ആൾഡ്രിൻ്റയും ഷൈലിയുടെയും മികച്ച ദൂരം മലയാളി താരങ്ങളുടേതിനേക്കാൾ കൂടുതൽ ആയിരുന്നതിനാൽ കൂടുതൽ ശ്രദ്ധ അവരിൽ പതിഞ്ഞിരുന്നു.ഇത് ശ്രീ ശങ്കറിനും ആൻസിക്കും അനുഗ്രഹമായി.
ഫൗൾ ജംപോടെ തുടങ്ങിയാണ് ശ്രീശങ്കർ വെള്ളിയിൽ എത്തിയതെങ്കിൽ ആൻസി 6.13 മീറ്ററിൽ തുടങ്ങിയാണ് തൻ്റെ ജീവിതത്തിലെ മികച്ച ദൂരം താണ്ടിയത് (6.63 മീറ്റർ) ആൻസിയുടെ, ഈ ഏഷ്യാഡിനു മുമ്പത്തെ മികച്ച പ്രകടനം 6.56 മീറ്റർ ആയിരുന്നു. ശ്രീശങ്കറിനു പ്രായം 24. ആൻസിക്ക് 22. വർഷങ്ങളേറെ ബാക്കിയുണ്ട്. കേരളത്തിൻ്റെ ലോങ് ജംപ് പാരമ്പര്യം രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കട്ടെ.