India National

എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ

എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ. ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികളും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് നീക്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. അതേസമയം രാഹുലിന്റെ രാജി സന്നദ്ധതയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്.

എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ലയന നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും വരൾച്ചയും ചർച്ച ചെയ്തെന്നാണ് കൂടിക്കാഴ്ചക്കു ശേഷം ശരത് പവാർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രതിപക്ഷ കക്ഷി പദവിക്ക് ആകെ അംഗസംഖ്യയുടെ 10 ശതമാനവും നേതൃപദവിക്ക് 55 സീറ്റും വേണം. കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റും എന്‍.സി.പിയുടെ 5 ഉം ചേർന്നാൽ ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികൾക്ക് അർഹരാകും. ആറുമാസത്തിനകം വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ കണക്കുകൂട്ടൽ. ശനിയാഴ്ച ഡല്‍ഹിയില്‍ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തീരുമാനിക്കും.

സന്നദ്ധത അറിയിച്ചാൽ രാഹുലാകും കക്ഷി നേതാവ്. ഇല്ലെങ്കിൽ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ എന്നിവരിൽ ആരെയെങ്കിലും തെരഞ്ഞെടുക്കും. അതേസമയം ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഉടൻ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടിൽ തന്നെയാണ് രാഹുൽ. അനുനയിപ്പിക്കാൻ നേതാക്കളും പ്രവർത്തകരും ശ്രമം തുടരുകയാണ്.

ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ചക്ക് തയ്യാറാകാത്ത രാഹുൽ ഇന്നലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷപദം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.