ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തില്‍ 113 മരണം. ദുരന്തത്തില്‍ 150ലേറെ പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നെന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.(Iraq fire at wedding party more than 100 death)
നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. വിവാഹം നടന്ന ഹാളിലെ തീപിടുത്ത സാധ്യത അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ തകര്‍ന്നുവീണതും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഉയര്‍ന്ന തീപിടുത്ത സാധ്യതയുള്ളതും ചെലവ് കുറച്ച് നിര്‍മിച്ചതുമായ കെട്ടിടം തീപിടുത്തത്തിന് മിനിറ്റുകള്‍ക്കകം ഇടിഞ്ഞുവീഴുകയായിരുന്നെന്ന് ഇറാഖിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെയും രക്ഷാപ്രവര്‍ത്തനം സജീവമായിരുന്നു. എല്ലാ വിധ സഹായങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എത്ര പേര്‍ക്ക് പരുക്കേറ്റന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.