വിഖ്യാത പരിശീലകന് ആഴ്സണ്‍ വെംഗറെ പരിശീലകനാക്കാന്‍ ശ്രമവുമായി ഖത്തര്‍ ഫുട്ബോള്‍ ടീം. ലോകകപ്പിനുള്ള ടീമിനെയൊരുക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തറിന്റെ നീക്കം. സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്വന്തം മണ്ണില്‍ വെച്ച് നടക്കുന്ന അടുത്ത ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരെന്ന നിലയില്‍ നേരിട്ടുള്ള യോഗ്യതയാണ് ഖത്തറിന് ലഭിക്കുക. ആദ്യമായി ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുന്ന ഖത്തറിനെ നാല് കൊല്ലം കണ്ട് മികച്ചൊരു ടീമായി വാര്‍ത്തെടുക്കുകയായിരിക്കും പുതിയ പരിശീലകന്റെ ലക്ഷ്യം.
ഏഷ്യാ കപ്പിലും സൌഹൃദ മത്സരങ്ങളിലുമൊക്കെ മികച്ച പ്രകടനം കാഴ്ചച്ച വെക്കുന്ന ഖത്തര്‍ ടീമിന് വെംഗറുടെ സാനിധ്യം വലിയ മുതല്‍ക്കൂട്ടാകും. 2022 ലോകകപ്പില്‍ പങ്കെടുക്കുന്ന ഏതെങ്കിലുമൊരു ദേശീയ ടീമിന്രെ കോച്ചാവാനുള്ള ആഗ്രഹം നേരത്തെ വെംഗര്‍ തുറന്നു പ്രകടിപ്പിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു ടീമിനെ പരിശീലിപ്പിച്ച കോച്ചെന്ന റെക്കോര്‍ഡ് വെംഗറുടെ പേരിലാണ്.
ആഴ്സണല്‍ ക്ലബിന്റെ ഇതിഹാസ പരിശീലകന് ആഴ്സണ്‍ വെംഗറെ ഖത്തറിലെത്തിക്കാന്‍ ടീം മാനേജ്മെന്റെ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെംഗറുമായി ചര്‍ച്ച നടന്നുകഴിഞ്ഞതായും അദ്ദേഹത്തിന് താല്പ്പര്യക്കുറവില്ലെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വന്‍ തുക പ്രതിഫലം നല്‍കിയാണ് വെംഗറെ ദോഹയിലെത്തിക്കാനുള്ള ഖത്തറിന്റെ നീക്കങ്ങള്‍.