പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല.
ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി.
ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും കളിക്കാതെ മെസി തിരിച്ചുകയറിയിരുന്നു. ഇത് ആദ്യത്തെ തവണയാവില്ല ഇങ്ങനെ തിരിച്ചുകയറുന്നത് എന്ന് മെസി പറയുകയും ചെയ്തു. തുടർന്നാണ് മെസിയുടെ ഫിറ്റ്നസ് പരിഗണിച്ച് താരത്തെ ടീമിൽ പരിഗണിക്കേണ്ടതില്ല എന്ന് പരിശീലകൻ ലയണൽ സ്കലോണി തീരുമാനിച്ചത്. എന്നാൽ, താരം ടീമിനൊപ്പമുണ്ടാവണമെന്നും സ്കലോണി ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് നിയമത്തിലെ പഴുത് മുതലെടുത്ത് മെസി ഡഗൗട്ടിലിരിക്കാ അനുമതി നേടിയത്.