Local

വീട്ടുവളപ്പിലെത്തുന്ന മയിലുകളെ ഭയക്കണോ? കാടിറങ്ങുന്ന പക്ഷികള്‍ മുഴക്കുന്ന റെഡ് അലേര്‍ട്ട്

ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ ഒരു മയിലിനെ തഴുകിയ ശേഷം കുക്കിംഗിലേക്ക് കടക്കാമെന്ന് പറഞ്ഞപ്പോള്‍ യൂട്യൂബ് പ്രേക്ഷകരുടെ നെഞ്ചൊന്ന് പിടഞ്ഞിരുന്നു. പക്ഷേ ഫിറോസിക്ക അത് ചെയ്തില്ല. മയിലിനെ വെറുതെ വിട്ട് ഒരു കോഴിയെ കൊണ്ടുവന്ന് കറിവച്ചാണ് അദ്ദേഹം അന്നത്തെ വിഡിയോ പൂര്‍ത്തിയാക്കിയത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. നമ്മുടെ വീട്ടിലെത്തുന്ന കാക്കയേയും കോഴിയേയും പോലെയല്ല നമ്മുക്ക് എന്തായാലും മയില്‍. എന്തൊക്കെയോ പ്രത്യേകതയും ചിലപ്പോഴൊക്കെ ഒരു ആത്മീയതയും പോലും നമ്മള്‍ മയിലിന് കല്‍പ്പിച്ച് നല്‍കാറുണ്ട്. മയിലിന് ഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഇത്രയും ശ്രദ്ധ നേടാനും കാരണം ദേശീയപക്ഷിയ്ക്ക് നമ്മള്‍ മനസില്‍ നല്‍കിയിട്ടുള്ള സവിശേഷമായ ഒരു ഉയര്‍ന്ന സ്ഥാനമാണ്. എന്നാല്‍ പണ്ടൊക്കെ നമ്മുക്ക് വലിയ സര്‍പ്രൈസ് തന്നുകൊണ്ട് വീട്ടുമുറ്റത്ത് എത്തിയിരുന്ന മയിലുകള്‍ ഇപ്പോള്‍ വീട്ടുപറമ്പിലെ സ്ഥിരം കാഴ്ചയായത് പോലെ തോന്നുന്നുണ്ടോ? വീട്ടുവളപ്പില്‍ നിന്ന് പലതും കൊത്തിത്തിന്നാന്‍ എത്തുന്ന മയില്‍ വിരുന്നുകാരുടെ എണ്ണം കൂടിയതായി ശ്രദ്ധിച്ചോ? ഇത് വെറുതെ സംഭവിച്ചതല്ല. അതേ കേരളത്തില്‍ മയിലുകളുടെ എണ്ണം അസാധാരണമായ രീതിയില്‍ വര്‍ധിക്കുകയാണ്. (Peafowls rapidly expanding in Kerala what does its mean)

2000 മുതല്‍ കേരളത്തിലെ മയിലുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് 2023ലെ ദേശീയ പക്ഷി റിപ്പോര്‍ട്ട് പറയുന്നത്. മയിലുകള്‍ അവ വിഹരിക്കുന്ന സ്ഥലങ്ങളുടെ വിസ്താരവും എണ്ണവും ഒരുപോലെ വര്‍ധിപ്പിക്കുന്നതാണ് നമ്മുടെ വീട്ടുമുറ്റത്ത് ഇപ്പോള്‍ കൂടുതലായി മയിലുകള്‍ എത്താനുള്ള കാരണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. മയിലുകള്‍ ഈ വിധത്തില്‍ വര്‍ധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരാനിരിക്കുകയാണ്. എന്നിരിക്കിലും മയിലുകളുടെ എണ്ണം കൂടുന്നത് വരള്‍ച്ച വര്‍ധിക്കുന്നതിന്റെ സൂചന തന്നെയായി കാണാം.

മയിലുകളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനുമെതിരായി നിയമങ്ങള്‍ ശക്തമായത് മയിലുകളുടെ എണ്ണം പെരുകാനുള്ള പ്രധാന കാരണം തന്നെയാണ്. കാട്ടിലേ വിളയാടി നടന്ത മയിലിനെ വലയില്ലാതെ പിടിത്ത് ഉണ്ടാക്കിയ സുദ്ധമാന മയിലെണ്ണൈ… എന്ന് വിളിച്ച് വില്‍ക്കുന്ന ആളുകളെ ഇപ്പോള്‍ നമ്മുടെ നാല്‍ക്കവലകളില്‍ കാണാനില്ല.

2022 ആയപ്പോള്‍ മയിലുകളുടെ എണ്ണത്തിലെ വര്‍ധനവ് 150 ശതമാനത്തില്‍ തൊട്ടുവെന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഇന്ത്യന്‍ മയിലുകളുടെ എണ്ണത്തിലെ ഈ വര്‍ധന കാലാവസ്ഥാ വ്യതിയാനം തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് വി സഞ്ജോ ജോസ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

സാധാരണ ഓണക്കാലത്തിന് മുന്‍പ് ലഭിച്ചിരുന്ന മഴ ഇത്തവണ ലഭിച്ചിട്ടില്ലെന്ന് ഓരോ മലയാളിയ്ക്കും അറിയാം. ഇത്തവണ നന്നേ കുറവ് മഴയാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളിലേയ്ക്കും മയിലുകള്‍ ഇത്തരത്തില്‍ വന്നെത്തുന്നത് മഴയുടെ അളവിലുള്ള കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നതിനെത്തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും മനുഷ്യനും വന്യജീവികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നത് നമ്മുക്ക് അറിയാം. മയിലുകള്‍ എത്തുന്നത് നമ്മെ ഭയപ്പെടുത്താറില്ലെങ്കിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഈ സംഘര്‍ഷങ്ങളുമായും മയിലുകളുടെ ഈ വരവിന് ബന്ധമുണ്ട്. കാട് കൈയേറലും വന്യജീവികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകളും അസന്തുലിതാവസ്ഥയും മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയാണ് ഇത്തരം സംഘര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നത്. മയിലുകളുടെ കാര്യത്തിലും ഇവ വ്യത്യസ്തമല്ലെന്ന് കാണാം.

മയിലുകള്‍ ഉഷ്ണപ്പക്ഷികളാണ്. മയിലുകള്‍ എത്തുന്നത് അതുകൊണ്ട് തന്നെ മരുഭൂവത്ക്കരണത്തിന്റെ അലാം മുഴക്കുന്നു. മയിലുകള്‍ക്ക് വിഹരിക്കുന്നതിലുള്ള കുറ്റിക്കാടുകളും പാറക്കെട്ടുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതും മയിലുകള്‍ നാടിറങ്ങുന്നതിന് കാരണമാകുന്നു. വനനശീകരണം ഉഷ്ണക്കാറ്റ് കൂടാന്‍ കാരണമായതും മണ്ണിന്റെ ആര്‍ദ്രത കുറഞ്ഞുവരുന്നതും സൂചിപ്പിക്കുന്നു മയിലുകളുടെ എണ്ണത്തിലെ അസാധാരണ വര്‍ധനവ്.

എന്തിനാണ് മയിലുകളെ ഇങ്ങനെ പേടിക്കുന്നത്? കാണാന്‍ അഴകല്ലേ പീലിവിരിച്ചാടിയാല്‍ വലിയ സര്‍പ്രൈസാകില്ലേ മയിലുകള്‍ വീട്ടുമുറ്റത്തെത്തിയാല്‍ ഇത്ര കുഴപ്പമുണ്ടോ എന്നാണ് സ്വാഭാവികമായും എല്ലാവരുടേയും മനസില്‍ വരാന്‍ സാധ്യതയുള്ള ചോദ്യം. ഏത് ജീവിയുടെ എണ്ണവും വളരെ കുറച്ച് സമയത്തിനുള്ളില്‍ വളരെക്കൂടുതലായി വര്‍ധിച്ചാല്‍ ആവാസവ്യവസ്ഥ താളം തെറ്റുമെന്ന് നമ്മുക്ക് അറിയാമല്ലോ. ഇത് മനസിലാക്കുന്നതിനായി ഒരു കഥ പറയാം. ന്യൂസിലാന്‍ഡിലാണ് കഥ നടക്കുന്നത്. ഒരു നാടാകെ മയിലുകളെക്കൊണ്ട് വലഞ്ഞ അനുഭവമാണ് ആ നാടിന് ഇപ്പോള്‍ പറയാനുള്ളത്. നോര്‍ത്ത് ഐലന്‍ഡിലെ ചൂടുള്ള പ്രദേശങ്ങളാണ് മയിലുകള്‍ കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷത്തിനിടെ മയിലുകള്‍ കീഴടക്കിയത്. ഈ പ്രദേശത്ത് ആവശ്യത്തിന് ഭക്ഷണം ലഭിച്ചതും ഇവയെ പിടിച്ചുതിന്നുന്ന ജീവികളുടെ എണ്ണം കുറഞ്ഞതും ആവാസ വ്യവസ്ഥയെ താളം തെറ്റിച്ചു. മയിലുകള്‍ പെറ്റുപെരുകി. ക്രമാതീതമായി പെരുകിയ മയിലുകള്‍ ചോളം ഉള്‍പ്പെടെയുള്ള പ്രധാന വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വലയാന്‍ തുടങ്ങി. പിന്നീട് പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കാന്‍ ന്യൂസിലന്‍ഡുകാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഈ സംഭവം നടന്നിട്ട് അധികം നാളുകളായില്ല. 2020, 2021 കാലഘട്ടത്തിലാണ് ഈ മയില്‍വേട്ട ന്യൂസിലാന്‍ഡില്‍ നടന്നത്.

കൃഷിയില്‍ മയിലുകള്‍ ചെറുതല്ലാത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്നാണ് പഠനങ്ങളും മുന്‍ അനുഭവങ്ങളും സൂചിപ്പിക്കുന്നത്. കാണാന്‍ കൗതുകമാണെങ്കിലും കേരളത്തില്‍ മയിലുകള്‍ ഒരു അധിനിവേശ ജീവിയാണെന്ന വസ്തുത കാണാതിരുന്നുകൂട. മയിലുകള്‍ക്ക് നെല്‍കൃഷി ഉള്‍പ്പെടെയുള്ളവയില്‍ 46 ശതമാനം വരെ വിളനാശം ഉണ്ടാക്കാനാകുമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവിയായ ഇ എ ജെയ്സണും ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുരേഷ് കെ ഗോവിന്ദും ചേര്‍ന്ന് 2018ല്‍ തയാറാക്കിയ പഠനം പറയുന്നു. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലുള്ളവര്‍ ഒഴിച്ച് മറ്റുള്ള പലരും മൃഗശാലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും മാത്രം കണ്ടിട്ടുള്ള മയിലുകള്‍ എല്ലായിടത്തും സര്‍വസാധാരണമാകുന്നത് അത്ര ശുഭകരമായ സൂചനയല്ലെന്ന് ചുരുക്കം.