Kerala

മലയാളികൾ ഉത്രാടപാച്ചിലിൽ; തിരുവോണത്തിനൊരുങ്ങി നാടും നഗരവും

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക.

ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്. . ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം.

ഒത്തൊരുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്‌നേഹം പങ്കിടാനും കൂടി ഓണം അവസരമൊരുക്കുന്നു. നാളെ തിരുവോണ ദിനം ഒത്തൊരുമയുടെ മഹോത്സവം കൂടിയാകും മലായാളികള്‍ക്ക്.

പതിവ് പോലെ ഇത്തവണയും ഏറ്റവും സജീവമായത് വസ്ത്ര വിപണിയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം വൻകിട വസ്ത്രശാലകളിലും, തെരുവോരങ്ങളിലും ഒരുപോലെ നടക്കുന്നുണ്ട്.
ഉത്തരേന്ത്യൻ കച്ചവടക്കാരാണ് വസ്ത്രങ്ങളുമായി തിരത്തുകളിൽ സജീവമായത്. വിലക്കുറവിൽ വസ്ത്രങ്ങൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാർക്ക് ഇത്തരം കച്ചവടങ്ങൾ ആശ്വാസമാണ്. വസ്ത്രം കഴിഞ്ഞാൽ ഏറ്റവും തിരക്ക് പച്ചക്കറി വിപണിയിലാണ്. ഹോർട്ടികോർപ്പിന്റെ ശാലകൾ ജനങ്ങൾക്ക് ആശ്വാസം പകരുന്നുണ്ട്. അച്ചാർ തയ്യാറാക്കാനുള്ള നാരാങ്ങയും നെല്ലിക്കയും കിലോയ്ക്ക് 60 – 80 രൂപ നിരക്കിലെത്തി. മാങ്ങയ്ക്ക് നൂറ് രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. ഇന്നലെ മുതലാണ് പൂ വിപണി കൂടുതൽ ഉഷാറായത്. ബന്ദി പൂക്കൾ കിലോയ്ക്ക് 70രൂപയ്ക്ക് ലഭിക്കുമ്പോൾ, റോസാ പൂക്കൾക്ക് വില 400ലെത്തി. പൂക്കളുടെ വില താങ്ങാൻ കഴിയാത്തവർക്കായി വിവിധ കളർ പൊടികളും വിപണിയിലിറക്കിയിട്ടുണ്ട്.