Local

കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. ( strike in kozhikode thottappalam )

ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിലെ ബ്ലോക്കിനിടെയാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് മർദനമേറ്റത്. മുന്നിലുണ്ടായിരുന്ന കാറിൽ ബസ് തട്ടിയതിനെ തുടർന്നായിരുന്നു മർദനം. നാട്ടുകാർ ബസ് തടഞ്ഞെങ്കിലും പോലീസെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മർദിച്ചർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസിലെ തൊഴിലാളികൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്നാരോപിച്ചാണ് തൊഴിലാളികൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊട്ടിൽപ്പാലം -വടകര, തൊട്ടിൽപ്പാലം – തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അപ്രഖ്യാപിത സമരം ആരംഭിച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. സ്വകാര്യ ഡ്രൈവറുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു.