ഇന്ത്യന്‍ വിപണിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ഫിയറ്റ് വീണ്ടുമെത്തുന്നു. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ ഇറ്റലിയന്‍ കമ്പനിയായ ഫിയറ്റ് 2024ഓടെ വാഹനങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെയെത്തിക്കാന്‍ ഒരുങ്ങുന്നത്.
സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക. ആഗോള തലത്തില്‍ 2023 -ന്റെ ആദ്യ പാദത്തില്‍ മറ്റ് സ്റ്റെല്ലാന്റിസ് ബ്രാന്‍ഡുകളെ പിന്നിലാക്കി മുന്‍പന്തിയില്‍ എത്തിയത് ഫിയറ്റാണ്.
ഇന്ത്യയില്‍ ജീപ്പിന്റേയും സിട്രോണിന്റേയും വാഹനങ്ങള്‍ വ്യത്യസ്തമായ ഫാക്ടറികളിലാണ് സ്റ്റെല്ലാന്റസ് നിര്‍മ്മിക്കുന്നത്. സിട്രോണ്‍ സി3, ഇസി3, സി3 എയര്‍ക്രോസ് വാഹനങ്ങള്‍ തമിഴ്‌നാട്ടിലെ ഫാക്ടറിയിലും കോംപസ്, മെറിഡിയന്‍ പോലുള്ള ജീപ്പ് മോഡലുകള്‍ മഹാരാഷ്ട്രയിലുമാണ് നിര്‍മ്മിക്കുന്നത്. ബിഎസ്6 നിയന്ത്രണങ്ങള്‍ വഴി മലിനീകരണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഫിയറ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
പുതിയ പ്ലാറ്റ്ഫോമില്‍ സ്റ്റെല്ലാന്റിസ് അവതരിപ്പിക്കുന്നതോടെ ഇന്ത്യയില്‍ ഫിയറ്റിന്റെ തിരിച്ചുവരവ് സാധ്യമാകും. എസ്യുവി സെഗ്മെന്റിലേക്ക് ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടെ എത്തിയാല്‍ വിഭാഗത്തിലെ മത്സരം കൂടുതല്‍ മുറുകും എന്നതും ശ്രദ്ധേയമാണ്.