മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആദ്യ രണ്ട് ടി20യിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആരൊക്കെ പുറത്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അവസരം കിട്ടുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മൂന്നാം ടി20ക്കുള്ള ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റം എന്തായിരിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.
മൂന്നാം ടി20യില്‍ സഞ്ജുവിനോ ശുഭ്മാന്‍ ഗില്ലിനോ അല്ല ഇഷാന് കിഷനാണ് വിശ്രമം നല്‍കേണ്ടതെന്ന് വസീം ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇഷാന് കിഷന് തിളങ്ങാനാവാത്തത് പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇഷാന് വിശ്രമം കൊടുത്ത് പകരം യശസ്വി ജയ്സ്വാളിനെ കളിപ്പിക്കുകയാണ് വേണ്ടത്. വിശ്രമമമെടുത്തശേഷം കിഷന് പൂര്‍വാധികം കരുത്തോടെ തിരിച്ചുവരാനുമാകും.
ജയ്സ്വാളിനെപ്പോലെ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന താരമാണ് ടോപ് ഓര്‍ഡറില്‍ ഇറങ്ങേണ്ടത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും നന്നായി കളിക്കാന്‍ ജയ്സ്വാളിനാവും.ജയ്സ്വാള്‍ മികച്ച ഫോമിലുമാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. പിന്നെ എന്തുകൊണ്ട് നിര്‍ണായക മൂന്നാം ടി20യില്‍ ജയ്സ്വാളിനെ പരീക്ഷിച്ചുകൂടാ.തിലക് വര്‍മയെ ഉള്‍പ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ ടീമിന് പുതിയ ഉണര്‍വ് ലഭിച്ചപോലെ ജയ്സ്വാളിനെ കളിപ്പിച്ചാല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും ജാഫര്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി അരങ്ങേറിയ ജയ്സ്വാള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന് കിഷനും ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിഷന് പകരം ജയ്സ്വാളിനെ ഓപ്പണറാക്കണമെന്ന നിര്‍ദേശവുമായി ജാഫര്‍ രംഗത്തുവന്നത്.