പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം തകര്‍ത്ത അതേ ഒറ്റയാനാണ് പരിപ്പന്തറ ഊരിലും എത്തിയത്.
ഒരു മണിക്കൂറോളം മേഖലയില്‍ നിലയുറപ്പിച്ച ഒറ്റയാനെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് കാടുകയറ്റിയത്.ഒറ്റയാന് ഈ പ്രദേശത്ത് വന്‍ കൃഷി നാശമടക്കം ഉണ്ടാകകിയതായാണ് നാട്ടുകാരുടെ പരാതി.നെല്ലിയാമ്പതിയില്‍ നടുറോഡില്‍ അടക്കം സ്ഥിരം സന്ദര്‍ശകനായി കുപ്രസിദ്ധി നേടിയ ചില്ലിക്കൊമ്പനാണ് എത്തിയത്.
സര്‍ക്കാരിന്റെ ഓറഞ്ച് ഫാമില്‍ കയറിയ ചില്ലിക്കൊമ്പന് വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കിയത്.ഒടുവില്‍ ഫാമിലെ തൊഴിലാളികളും വനം വകുപ്പും ചേര്‍ന്നാണ് കൊമ്പനെ ഓടിച്ചത്. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ചില്ലികൊമ്പന് ഇറങ്ങുന്നത്. കഴിഞ്ഞദിവസം സീതാര്‍കുണ്ടിലെ വീടുകളോട് ചേര്‍ന്നും കൊമ്പന് പ്രത്യക്ഷപ്പെട്ട് വ്യാപക നാശം വരുത്തിയിരുന്നു. ഒറ്റയാന ഇറങ്ങുന്നത് പതിവായതോടെ രാത്രികാല പെട്രോളിംഗ് ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.