ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല പരാജയപ്പെടുത്താനുള്ളതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഒരു ടീമിനെ മാത്രം പരാജയപ്പെടുത്തുക എന്നതല്ല ലക്ഷ്യമെന്നും എട്ടു ടീമുകള്‍ വേറെയുമുണ്ടെന്ന് ബാബര്‍ അസം പറഞ്ഞു. ഇവരെയെല്ലാം പരാജയപ്പെടുത്തിയാല്‍ മാത്രമേ ഫൈനല്‍ സാധ്യമാകൂ എന്നു ബാബര്‍ പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടുന്നത്. ”ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കളിക്കുകയല്ല ലക്ഷ്യം. എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ടീം ശ്രമിക്കുക” ബാബര്‍ അസം പറഞ്ഞു.
ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ബാബര്‍ പറഞ്ഞു. ”ഒരു കളിക്കാരനും ക്യാപ്റ്റനും എന്ന നിലയില്‍, എല്ലാ ടീമിനെതിരെയും റണ്‍സ് നേടാനും പാകിസ്ഥാന്‍ കളികളില്‍ ആധിപത്യം സ്ഥാപിക്കാനും വിജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരു ടീമിനെതിരെ കളിക്കാന്‍ പോകുക മാത്രമല്ല” ബാബര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി കൊളംബോയിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ടീമുള്ളത്. രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുശേഷം ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന ഏഷ്യാകപ്പിലും പാക്കിസ്ഥാന്‍ കളിക്കും.