ടാറ്റ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്പന നടത്തുന്ന വില കുറഞ്ഞ വാഹനമാണ് ടാറ്റ ടിയാഗോ. ഇപ്പോഴിതാ വിപണിയിലെത്തി എട്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം യൂണിറ്റ് വില്പന പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ അവസാനത്തെ ഒരു ലക്ഷം യൂണിറ്റുകളാണ് വില്പന നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ സാനന്ദ് ഫെസിലിറ്റിയിലാണ് ഈ വാഹനം ഉതിപാദിപ്പിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് വാഹനങ്ങളില്‍ മുന്‍പന്തിയിലുള്ള ടിയാഗോ സിഎന്‍ജി, പെട്രോള്‍ എന്നീ എഞ്ചിന് ഓപ്ഷനുകളില്‍ ലഭ്യമാണ്. ആറു വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. XE, XT, XZ, XZ+, XZA, XZA+ എന്നീ വേരിയന്റുകള്‍ക്ക് 5.59 ലക്ഷം രൂപ മുതല്‍ 8.11 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് സ്വന്തമാക്കിയവരില്‍ ഏകദേശം 10 ശതമാനം ആളുകളും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടിയാഗോ വാങ്ങിയവരില്‍ 71 ശതമാനം ആളുകളും ആദ്യമായി കാര്‍ വാങ്ങുന്നവരാണ്. പെട്രോള്‍ ഓപ്ഷനില്‍ 1199 സിസി 3 സിലിണ്ടര്‍ എഞ്ചിനാണുള്ളത്. സിഎന്‍ജി എഞ്ചിന് 1199 സിസി എഞ്ചിനുമായി വരുന്നു. പെട്രോള്‍ എഞ്ചിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് ലഭ്യമാണ്.
ഈ വാഹനത്തിന് ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടാൻ സാധിച്ചിട്ടുണ്ട്. 14 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡിആര്‍എൽ ഉള്ള പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7.0 ഇഞ്ച് ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്മന് 8 സ്പീക്കര്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ മികച്ച സവിശേഷതകൾ ടാറ്റ ടിയാഗോയിൽ ഉണ്ട്.