National

‘മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല’ ; പ്രിൻസിപ്പലിനെ ആക്രമിച്ചതിനെതിരെ ശശി തരൂർ


മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ലെന്നും സംഭവം അപമാനകരമാണെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് തരൂർ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്ത് ഹൈന്ദവതയെ പ്രതിരോധിക്കുകയാണെന്നും സംരക്ഷിക്കുകയാണെന്നും പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് അപമാനകരമാണ്. ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഭയവുമില്ലാതെ ഇത്തരം ആക്രമങ്ങൾ അഴിച്ചുവിടാൻ ബജ്റംഗ്ദളിന് എങ്ങനെയാണ് ധൈര്യമുണ്ടാകുന്നത്? ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് അവർ പറയുന്നതിന്‍റെ അർഥമെന്താണ്? മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ല’- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

തലേഗാവ് ദബാഡെയിലെ ഡി,വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനെയാണ് ബജ്റംഗ്ദൾ, വി.എച്ച്.പി പ്രവർത്തകരായ വിദ്യാർഥികൾ മർദിച്ചത്. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചുവെന്നും, ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഏതാനും രക്ഷിതാക്കൾ സ്കൂളിനെതിരെ പരാതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹർ ഹർ മഹാദേവ് ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാർഥികളുടെ ആക്രമണം.