യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം താൻ ക്ലബ്ബുമായുള്ള കരാർ പുതുക്കില്ല എന്ന് താരം കത്തിലൂടെ അറിയിച്ചിരുന്നു. 2024-ൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരത്തിന്റെ നീക്കം ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2021-ൽ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്ന വേളയിൽ റയൽ മാഡ്രിഡ് എംബാപ്പെക്ക് കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എംബാപ്പയെ പോലൊരു പ്രതിഭാശാലിയായ യുവതാരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ക്ലബ്ബിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന കരാറിനൊപ്പം ക്ലബ്ബിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും താരത്തെ മുൻനിർത്തിയുള്ള സ്പോർട്ടിങ് പ്രോജെക്ടും അവതരിപ്പിച്ചിരുന്നു.
എന്നാൽ, 2024 സീസണിനൊടുവിൽ ക്ലബ് വിടാൻ എംബാപ്പെ തീരുമാനമെടുത്തതിനാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ വിൽക്കുന്നതിനാണ് ക്ലബ്ബിന്റെ തീരുമാനം. നിലവിൽ 200 മില്യൺ യൂറോയാണ് ക്യാപ്റ്റൻ കൂടിയായ താരത്തിനായി പാരീസ് സൈന്റ്റ് ജെർമൈൻ ആവശ്യപ്പെടുന്നത്. മറ്റൊരു ക്ലബ്ബിലേക്ക് നീങ്ങുന്നതിനായി താരം തന്നെയാണ് കത്ത് പുറത്തു വിട്ടതെന്ന് ക്ലബ് വിശ്വസിക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, താരത്തിനായി റയൽ മാഡ്രിഡ് വീണ്ടും രംഗത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്. ക്ലബ് വിട്ട കരിം ബെൻസിമയുടെ വിടവ് നികത്താൻ സാധിക്കുമെന്നാണ് മാഡ്രിഡിന്റെ വിശ്വാസം. എന്നാൽ, താരത്തെ റയൽ മാഡ്രിഡിന് വിൽക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നില്ല. പകരം, എംബാപ്പേക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടെന്നും എൽ പാരീസ് റിപ്പോർട്ട് ചെയ്യുന്നു.
ലയണൽ മെസിക്ക് പുറകെ എംബാപ്പെ ക്ലബ് വിട്ടാൽ പിഎസ്ജിക്ക് അത് വൻ തിരിച്ചടിയാകും. പ്രത്യേകിച്ച്, മറ്റൊരു സൂപ്പർ താരമായ നെയ്മർ മാറ്റ് ക്ലബ്ബുകളിലേക്ക് ചേക്കാറാനുള്ള ശ്രമം നടത്തുമ്പോൾ.