India National

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ പ്രഗ്യാസിങ് ഠാക്കൂര്‍ മൗനവ്രതത്തില്‍

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മൗനവ്രതത്തിലെന്ന് പ്രഗ്യാസിങ് ഠാക്കൂര്‍. ട്വീറ്റിലൂടെയാണ് പ്രഗ്യാസിങ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പ്രഗ്യാസിങ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ പ്രഗ്യാസിങ് ആ സന്ദേശത്തില്‍ തന്നെയാണ് മൗനവ്രതത്തിലാണെന്ന കാര്യം പറഞ്ഞിരിക്കുന്നത്.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാസിങ് ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഇനി മൂന്ന് ദിവസം ഞാന്‍ മൗനവ്രതത്തിലായിരിക്കും- എന്നാണ് പ്രഗ്യാ സിങിന്റെ ട്വീറ്റ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ വാക്കുകളാണ് പ്രഗ്യാസിങിനെ ചൊടിപ്പിച്ചത്. നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനായിരുന്നു ആണ് ഇനി ആയിരിക്കുകയും ചെയ്യും. ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. അത്തരക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കും. എന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്. ഈ വാക്കുകള്‍ വലിയ തോതില്‍ വിവാദമാവുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ളവര്‍ പ്രഗ്യാസിങിന്റെ വാക്കുകളെ തള്ളിക്കളഞ്ഞിരുന്നു. പ്രഗ്യാ സിങ് മാപ്പു പറഞ്ഞാലും ഇല്ലെങ്കിലും തനിക്ക് അവര്‍ക്ക് മാപ്പു നല്‍കാനാകില്ലെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്. ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രഗ്യാ സിങിനെതിരെ ഈ വിഷയത്തില്‍ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്.