Football

ഇന്ത്യൻ വനിതാ ലീഗ്: സെമി ഫൈനലിൽ ഗോകുലം കേരള – ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ പോരാട്ടം

ഇന്ത്യൻ വനിതാ ലീഗിൽ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടറങ്ങുന്ന ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് സെമി ഫൈനൽ പരീക്ഷണം. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയാണ് എതിരാളികൾ. അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 08:30 നാണ് മത്സരം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മത്സരം തത്സമയം ലഭിക്കും. ഗ്രൂപ്പ് ബിയിൽ നിന്ന് നാലാമതായാണ് ഈസ്റ്റേൺ പോർട്ടിങ് യൂണിയൻ നോക്ക്ഔട്ട് തലത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ സ്പോർട്സ് ഒഡീഷയെ പെനൽറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെടുത്തിയാണ് ഈസ്റ്റേൺ യൂണിയൻ സെമിയിലേക്ക് പ്രവേശിക്കുന്നത്. 

ഗോകുലത്തിന്റെ സെമി പ്രവേശനവും ഷൂട്ടൗട്ടിലൂടെയായിരുന്നു. പരാജയപ്പെടുത്തിയത് ഒഡീഷ എഫ്‌സിയുടെ വനിതാ ടീമിനെ. ക്വാർട്ടറിൽ മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ ഒഡീഷയുടെ ക്യാപ്റ്റൻ ബാല ദേവി ടീമിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് റോജാ ദേവി ഗോകുലടക്കിനായി സമനില ഗോൾ നേടി. തുടർന്ന്, മുഴുവൻ സമയത്തും മത്സരം സമനിലക്കുരുക്കിൽ കുടുങ്ങിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഒഡീഷയുടെ മൂന്ന് ഷോട്ടുകളും തടുത്തിട്ട് ബിയാട്രിസ് എൻകെറ്റിയ ഗോകുലത്തിനെ വിജയ തീരമണിയിച്ചു. രണ്ടാം സെമിയിൽ കിക്ക് സ്റ്റാർട്ട് എഫ്‌സി, സേതു എഫ്‌സിയെ നേരിടും.