ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്സ്മാന് കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ ആശങ്കയുണ്ടായിരുന്നു.
പരിക്ക് സുഖപ്പെടാത്ത പക്ഷം ജാദവിന് പകരം ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യന്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ ജാദവ് കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പകരം പേരുകള്‍ ഇനി മടക്കിവെക്കാം. അതേസമയം താരത്തിന്റെ ഫോമിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനായി മികവ് പുറത്തെടുക്കാന്‍ താരത്തിനായിരുന്നില്ല.
പതിനാല് മത്സരങ്ങളില്‍ നിന്നായി 162 റണ്‍സെടുക്കാനെ ജാദവിന് കഴിഞ്ഞുള്ളൂ. അതേസമയം ഇന്ത്യക്കായി 59 ഏകദിനങ്ങളില്‍ നിന്ന് 1174 റണ്‍സാണ് ജാദവ് നേടിയത്. കൂടാതെ രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളും ജാദവിന്റെ പേരിലുണ്ട്. പാര്‍ട് ടൈം സ്പിന്നര്‍ എന്ന നിലയിലും ജാദവിന്റെ സേവനം ഇന്ത്യക്ക് ഉപയോഗപ്പെടുത്താം. നിര്‍ണായക ഘട്ടങ്ങളില്‍ കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ ജാദവ് മിടുമിടുക്കനാണ് താനും.