അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടവൂര്‍ ശിവദാസന്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മന്ത്രി, ട്രേഡ് യൂണിയന് നേതാവ് എന്നീ നിലകളില്‍ സംസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. വൈകിട്ട് 5.30ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുളങ്കാടകം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചു നാളുകളായി അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നില്ല. മൂന്നു ദിവസം മുന്‍പ് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചത്.