Cricket

ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ; ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ നൽകുന്നത് കോടികൾ

പ്രമുഖ 6 ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി ഫ്രാഞ്ചൈകളുമായി കരാറൊപ്പിട്ടാൽ കോടികൾ നൽകാമെന്നാണ് വാഗ്ധാനം. ഇതിനായി പ്രമുഖരായ ആറ് താരങ്ങളെ ഫ്രാഞ്ചൈസികൾ സമീപിച്ചു കഴിഞ്ഞു എന്ന് ദി ടൈംസ് ലണ്ടൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

വിവിധ ടി-20 ലീഗുകളിൽ ടീമുകളുള്ള ഫ്രാഞ്ചൈസികളാണ് ഇംഗ്ലണ്ട് താരങ്ങളെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്കയിലെ എസ്എ ടി-20 ലീഗ്, യുഎഇയിലെ ഐഎൽ ടി-20 ലീഗ്, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് തുടങ്ങിയ ടി-20 ലീഗുകളിൽ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്. സൗദി അറേബ്യ ഉടൻ ടി-20 ലീഗ് ആരംഭിക്കുമെന്ന് വാർത്തയുണ്ട്. ഇതിലും ഐപിഎൽ ഫ്രാഞ്ചൈസികൾ ടീം സ്വന്തമാക്കും. ഈ ലീഗുകളിലൊക്കെ കളിക്കണമെന്നതാണ് വ്യവസ്ഥ. ഇതിനായി വർഷം 50 കോടി രൂപ വരെ നൽകാമെന്ന് ഫ്രാഞ്ചൈസികൾ വാഗ്ധാനം ചെയ്തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. താരങ്ങളുടെയോ ഫ്രാഞ്ചൈസികളുടെയോ പേരുകൾ റിപ്പോർട്ടിൽ ഇല്ല. ഇത് നടന്നാൽ, ഫുട്ബോളിനു സമാനമായ സംസ്കാരത്തിലേക്ക് ക്രിക്കറ്റ് മാറും. ഫുട്ബോളിൽ ക്ലബുകളാണ് താരങ്ങൾക്ക് കരാർ നൽകുന്നത്. രാജ്യാന്തര മത്സരങ്ങൾക്ക് ക്ലബുകൾ താരങ്ങളെ വിട്ടുനൽകും. ക്രിക്കറ്റിൽ നിലവിൽ ഇത് നേരെ തിരിച്ചാണ്.

രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികൾക്കാണ് നിലവിൽ മറ്റ് ലീഗുകളിൽ ടീമുകളുള്ളത്.