Cricket

കാമറൂൺ ഗ്രീനിന് കന്നി ഫിഫ്റ്റി; മുംബൈക്ക് മികച്ച സ്കോർ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 40 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന കാമറൂൺ ഗ്രീൻ ആണ് ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ (38), തിലക് വർമ (37), രോഹിത് വർമ (28) എന്നിവരും മുംബൈക്കായി തിളങ്ങി. സൺറൈസേഴ്സിനായി മാർക്കോ യാൻസൻ 2 വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് രോഹിതും കിഷനും ചേർന്ന് മുംബൈക്ക് നൽകിയത്. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. 18 പന്തിൽ 28 റൺസ് നേടിയ രോഹിതിനെ പുറത്താക്കിയ നടരാജൻ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം നമ്പറിൽ പരാജയപ്പെട്ടിട്ടും മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റിൻ്റെ പരീക്ഷണത്തിൽ വീണ്ടും ഇതേ നമ്പറിലെത്തിയ കാമറൂൺ ഗ്രീൻ ടൈമിങ്ങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഇഷാൻ കിഷൻ നേടിയ ബൗണ്ടറികൾ മുംബൈയെ മത്സരത്തിൽ നിർത്തി. 31 പന്തിൽ 38 റൺസ് നേടിയ കിഷനെ പുറത്താക്കിയ മാർക്കോ യാൻസൻ 46 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചു. അതേ ഓവറിൽ തന്നെ സൂര്യയും (3 പന്തിൽ 7) പുറത്ത്.

മൂന്നാം നമ്പറിൽ ഇറങ്ങേണ്ട തിലക് വർക എത്തിയത് അഞ്ചാം നമ്പറിൽ. ഗ്രീൻ ബുദ്ധിമുട്ടിയെങ്കിലും അനായാസം ബാറ്റ് ചെയ്ത തിലക് വർമ മുംബൈയെ മുന്നോട്ടുനയിച്ചു. 56 റൺസാണ് നാലാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേർത്തത്. വെറും 17 പന്തിൽ 37 റൺസ് അടിച്ചുകൂട്ടിയ തിലകിനെ ഭുവനേശ്വർ കുമാർ മടക്കി അയച്ചതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

തിലക് പുറത്തായതോടെ ഫോമിലേക്കുയർന്ന കാമറൂൺ ഗ്രീൻ 33 പന്തിൽ ഫിഫ്റ്റി തികച്ചു. ടി നടരാജനെ തുടരെ മൂന്ന് ബൗണ്ടറികളടിച്ചാണ് ഗ്രീൻ തൻ്റെ കന്നി ഐപിഎൽ ഫിഫ്റ്റിയിലെത്തിയത്. ടിം ഡേവിഡ് (11 പന്തിൽ 16) അവസാന പന്തിൽ റണ്ണൗട്ടായി.