Football

വെസ്റ്റ് ഹാമിനെതിരെ സമനില; പ്രീമിയർ ലീഗിൽ പടിക്കൽ കലമുടച്ച് ആഴ്സണൽ

പ്രീമിയർ ലീഗിൽ കിരീടപ്പോര് കടുക്കുന്നു. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ സമനില വഴങ്ങി. ഇതോടെ 31 മത്സരങ്ങളിൽ നിന്ന് 74 പോയിൻ്റാണ് ആഴ്സണലിനുള്ളത്. പോയിൻ്റ് പട്ടികയിൽ ആഴ്സണൽ ഇപ്പോഴും ഒന്നാമതാണെങ്കിലും ഒരു മത്സരം കുറച്ചുകളിച്ച സിറ്റി 70 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അടുത്ത കളി വിജയിച്ചാൽ ആഴ്സണലുമായി സിറ്റി വെറും ഒരു പോയിൻ്റ് മാത്രം പിന്നിലാവും. സിറ്റിയുടെ അടുത്ത കളി ആഴ്സണലിനെതിരെയാണ്.

രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ആഴ്സണൽ സമനില പിടിച്ചത്. ഏഴാം മിനിട്ടിൽ ഗബ്രിയേൽ ജെസൂസിലൂടെ ആഴ്സണൽ ആദ്യ ഗോളടിച്ചു. ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 10ആം മിനിട്ടിൽ മാർട്ടിൻ ഒഡേഗാർഡിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനും മാർട്ടിനെല്ലി തന്നെയാണ് വഴിയൊരുക്കിയത്. 33ആം മിനിട്ടിൽ വെസ്റ്റ് ഹാം തിരിച്ചടിച്ചു. പെനാൽറ്റിയിൽ നിന്ന് ബെൻറാമയാണ് വെസ്റ്റ് ഹാമിൻ്റെ തിരിച്ചടി ആരംഭിച്ചത്. 54ആം മിനിട്ടിൽ ജെറാദ് ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിന് സമനില സമ്മാനിക്കുകയായിരുന്നു.

ലീഗിൻ്റെ സിംഹഭാഗത്തും കിരീടമുറപ്പിച്ചിരുന്ന ആഴ്സണൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് പിന്നിലേക്ക് പോയത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെയും ആഴ്സണൽ 2-2 എന്ന സ്കോറിന് സമനില വഴങ്ങിയിരുന്നു.