ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ, പരസ്യമായി ഖേദപ്രകടനം നടത്തുവാനും എഐഎഫ്എഫ് ആവശ്യപ്പെട്ടിരുന്നു. ഖേദ പ്രകടനം നടത്തിയ ക്ലബ് തുടർന്നാണ് അപ്പീലിന് ശ്രമിച്ചത്. എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയിലാണ് ക്ലബ് അപ്പീൽ നൽകിയിരിക്കുന്നത്.
ലോക കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ഉപേക്ഷിക്കുന്നത് എന്ന് ശ്രീ വൈഭവ് ഗഗ്ഗറിന്റെ അധ്യക്ഷതയിലുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിധി പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ക്ലബ്ബിനെ കൂടാതെ പരിശീലകനെതിരെയും ഫെഡറേഷന്റെ നടപടിയുണ്ടായിരുന്നു. പിഴയോടൊപ്പം വിലക്കും ലഭിച്ച ഇവാൻ വുകുമനോവിച്ച് നിലവിൽ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. സഹപരിശീലകൻ ഫ്രാങ്ക് ഡോവെനാണ് ടീമിനെ സൂപ്പർ കപ്പിൽ നയിക്കുന്നത്.